
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ടു മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാൽ അടുത്ത ആഴ്ച മധ്യ–തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. 9ന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും. എന്നാൽ ഈ മാസാവസാനം വരെ ചൂടിനു കാര്യമായ കുറവുണ്ടാകില്ലെന്നും വിദഗ്ധർ പറഞ്ഞു. കനത്ത ചൂട് 3 ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലർച്ചെയും 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില കൂടുതൽ ഇടങ്ങളിൽ രേഖപ്പെടുത്തുന്നു.
Heavy Rain prediction in Kerala for next 10 days