ഉണരട്ടേ ദേശസ്‌നേഹം…ഇന്ത്യ 75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍, ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ത്രിവര്‍ണ പതാക ഉയര്‍ത്തി ദേശീയ ഗാനാലാപനത്തോടെ കര്‍ത്തവ്യ പാതയില്‍ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കും.

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ബഹുതല സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പരേഡില്‍, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസും അടുത്തിടെ ഉള്‍പ്പെടുത്തിയ സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും കര്‍ത്തവ്യ പാതയിലൂടെ ഉദ്ഘാടന ഫ്‌ലൈപാസ്റ്റ് നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 95 അംഗ ഫ്രഞ്ച് പ്രതിനിധി സംഘവും ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം കര്‍ത്തവ്യ പാതയില്‍ മാര്‍ച്ച് നടത്തും.

പരേഡ് രാവിലെ 10.30 ന് ആരംഭിച്ച് ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും, അവിടെ അദ്ദേഹം രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അതിനുശേഷം, പരേഡിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും കര്‍ത്തവ്യ പാതയിലെ അഭിവാദന വേദിയിലേക്ക് എത്തും.

തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗരക്ഷരുടെ അകമ്പടിയോടെ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവല്‍ മാക്രോണും എത്തും. ഇന്ത്യന്‍ ആര്‍മിയിലെ ഏറ്റവും സീനിയര്‍ റെജിമെന്റാണ് രാഷ്ട്രപതിയുടെ അംഗരക്ഷകന്‍.

റിപ്പബ്ലിക് ദിന പരേഡ് വിജയ് ചൗക്കില്‍ നിന്ന് കര്‍ത്തവ്യ പാതയിലേക്കുള്ള റൂട്ടില്‍ ആരംഭിക്കും. ഏകദേശം 77,000 പേരെ ഉള്‍ക്കൊള്ളുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, 42,000 പൊതുജനങ്ങള്‍ക്കുള്ള ഇടവും ഉണ്ടാകും. പതാക ഉയര്‍ത്തലിനു ശേഷം ഹെലികോപ്റ്ററുകള്‍ കര്‍ത്തവ്യ പാതയില്‍ സന്നിഹിതരായ സദസ്സിനുമേല്‍ പുഷ്പദളങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് നാരി ശക്തിയുടെ പ്രതീകമായി വിവിധ തരം താളവാദ്യങ്ങള്‍ വായിച്ച് നൂറിലധികം വനിതാ കലാകാരികള്‍ അണിനിരക്കുന്ന ബാന്‍ഡ് പ്രകടനം ‘ആവാഹന്‍’ നടക്കും.

തുടര്‍ന്ന് പ്രസിഡന്റ് മുര്‍മു സല്യൂട്ട് സ്വീകരിക്കുന്നതോടെ പരേഡ് ആരംഭിക്കും. പരേഡ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഭവ്‌നിഷ് കുമാര്‍, ഡല്‍ഹി ഏരിയയിലെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കും. എച്ച്ക്യു ഡല്‍ഹി ഏരിയയിലെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ സുമിത് മേത്തയാണ് പരേഡിലെ സെക്കന്‍ഡ്-ഇന്‍ കമാന്‍ഡ്.

ഫ്രഞ്ച് സായുധ സേനയുടെ സംയുക്ത ബാന്‍ഡും മാര്‍ച്ചിംഗ് സംഘവും കര്‍ത്തവ്യ പാതയില്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യും. 30 അംഗ ബാന്‍ഡ് സംഘത്തെ ക്യാപ്റ്റന്‍ ഖൂര്‍ദ നയിക്കും, തുടര്‍ന്ന് ക്യാപ്റ്റന്‍ നോയലിന്റെ നേതൃത്വത്തില്‍ 90 അംഗ മാര്‍ച്ചിംഗ് സംഘവും ഉണ്ടാകും. ഫ്രഞ്ച് വ്യോമസേനയുടെയും ബഹിരാകാശ സേനയുടെയും ഒരു മള്‍ട്ടി-റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനവും രണ്ട് റാഫേല്‍ യുദ്ധവിമാനങ്ങളും സല്യൂട്ട് ഡെയ്സ് കടന്നുപോകുമ്പോള്‍ സൈനികര്‍ക്ക് മുകളിലൂടെ പറക്കും.

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും.

Also Read

More Stories from this section

family-dental
witywide