പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു, നേപ്പാളില്‍ പൈലറ്റ് ഉള്‍പ്പെടെ 5 പേര്‍ മരിച്ചതായി സംശയം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയില്‍ ബുധനാഴ്ച ഉച്ചയോടെ എയര്‍ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയിലായിരുന്നു. മുതിര്‍ന്ന ക്യാപ്റ്റന്‍ അരുണ്‍ മല്ല പൈലറ്റായ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 1:54 ന് ഹെലികോപ്റ്റര്‍ പറന്നുയരുമ്പോള്‍ നാല് ചൈനീസ് പൗരന്മാരും പൈലറ്റും ഉള്‍പ്പെടെ ആകെ അഞ്ച് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് പൗരന്മാര്‍ റാസുവയിലേക്കുള്ള യാത്രയിലായിരുന്നു. നാല് യാത്രക്കാരും പൈലറ്റും അപകടത്തില്‍ മരിച്ചതായാണ് സംശയിക്കുന്നത്.