
കൊച്ചി: മലയാള സിനിമാ ലോകത്തെ കീഴ്മേല്‍ മറിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കുന്നു. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തല്‍ നടത്തിയവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കാതെ കേസെടുക്കാനാണ് നീക്കം.
ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്ന മൊഴികളില്‍ 20 എണ്ണം ഗൗരവസ്വഭാവമുള്ളതാണ്. ലൈംഗിക പീഡനവും ചൂഷണങ്ങളും വെളിപ്പെടുത്തുന്ന ഈ മൊഴികള്‍ വളരെ ഗൗരവസ്വഭാവമുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും അന്വേഷണ സംഘം വരും ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. മൊഴി നല്‍കിയവരുടെ പൂര്‍ണമായ പേരും അഡ്രൈസ് വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയും ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം പ്രത്യേക അന്വേഷണ സംഘം തേടും.
നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. പ്രത്യേക സംഘത്തിന്റെ യോഗം ഇന്നലെ ചേര്‍ന്നതിനു പിന്നാലെയാണ് തീരുമാനം.