
തിരുവനന്തപുരം: മറ്റ് സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ‘നമസ്‌കാരം ഞാന്‍ ഹേമലത’ എന്നു പറഞ്ഞ് വാര്‍ത്തയിലേക്ക് കടന്ന സുപരിചയായ ഹേമലത ദൂരദര്‍ശന്റെ പടി ഇറങ്ങി. 39 വര്‍ഷമായി ദൂരദര്‍ശനോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് അവസാനമായി വാര്‍ത്തയും വായിച്ച് താന്‍ പടിയിറങ്ങുന്നുവെന്നും പ്രേക്ഷകരോട് പറഞ്ഞായിരുന്നു ഹേമലതയുടെ മടക്കം.
1985ല്‍ ദൂരദര്‍ശന്‍ മലയാളം തുടങ്ങിയപ്പോള്‍ രണ്ടാമത് ലൈവ് വാര്‍ത്തയാണ് ഹേമലത വായിച്ചത്. ആദ്യ വാര്‍ത്ത വായിച്ചത് അവരുടെ ഭര്‍ത്താവ് കണ്ണനാണ്. ജി.ആര്‍. കണ്ണന്‍ പ്രോഗ്രാം എക്സിക്യുട്ടിവായാണ് ദൂരദര്‍ശനില്‍നിന്നു വിരമിച്ചത്.
1984 ഒക്ടോബറിലാണ് ഡി.ഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നത്. മായ, അളകനന്ദ, ശ്രീകണ്ഠന്‍നായര്‍, അലക്‌സാണ്ടര്‍ മാത്യു തുടങ്ങിയവരെല്ലാം പിന്നീട് സ്വകാര്യ ചാനലുകളിലേക്ക് പോയെങ്കിലും ദൂരദര്‍ശന് ഒപ്പം നില്‍ക്കുകയായിരുന്നു ഹേമലത.










