
ബെയ്‌റൂട്ട്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ മിസൈൽ റോക്കറ്റ് നെറ്റ്‌വർക്ക് കമാൻഡറാണ് ഇബ്രാഹിം മുഹമ്മദ്. ഇയാളെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു. പിന്നാലെയാണ് സ്ഥിരീകരണവുമായി ഹിസ്ബുള്ള രംഗത്തെത്തിയത്.
കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ ഖുബൈസിയെ കൂടാതെ ആറു പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രിസിഷൻ ഗൈഡഡ് മിസൈൽ യൂണിറ്റ് ഉൾപ്പെടെ ഹിസ്ബുള്ളയിലെ പല റോക്കറ്റ് യൂണിറ്റുകളുടേയും കമാൻഡർ ആയിരുന്നു ഖുബൈസി. മിസൈലുകളെ കുറിച്ച് വളരെ അധികം അറിവുള്ള ആളായിരുന്നു ഇബ്രാഹിം മുഹമ്മദ് എന്നും, ഹിസ്ബുള്ള മിലിറ്ററി നേതാക്കളുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ അലി കരാക്കെ ജീവിച്ചിരിപ്പുണ്ടെന്നും, അലിയെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടന്നതെന്നുമാണ് ഹിസ്ബുള്ള പറയുന്നത്. അലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ പറയുന്നു. അലി കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഹിസ്ബുള്ള പറയുന്നു.















