
ന്യൂഡൽഹി: ഇന്ത്യൻ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി ക്ലാസുകൾക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ റെഗുലർ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.
വർദ്ധിച്ചുവരുന്ന മലിനീകരണ തോത് കാരണം, ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
എല്ലാ സ്‌കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശം നൽകി. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ.
High air pollution in Indian Capitol students should remain at home