
കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി സെപ്റ്റംബർ 13ന് വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, നടിയുടെ ലൈംഗികാതിക്രമ ആരോപണക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഹർജിയിൽ അഞ്ചാം തീയതി വിധി പറയും. നടൻ ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതേദിവസം തീർപ്പാക്കും. അതുവരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
കേസിൽ കഴമ്പില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, മുകേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇവർക്കൊപ്പം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നടൻ മണിയൻപിള്ളവിന്റെ ഹർജി കോടതി തീർപ്പാക്കി. മണിയൻപിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.