
തൃശൂർ: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). റെയ്ഡിന് തൊട്ട് മുമ്പ് ഹൈറിച്ച് ഉടമയായ പ്രതാപനും ഭാര്യ ശ്രീനയും ഒളിവിൽ പോയി. 100 കോടിയുടെ ഹവാല ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.
തൃശൂർ വലിയാലുക്കലുള്ള വീട്ടിലും സ്ഥാപനങ്ങളിലും രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീണ്ടു. ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ച് നൂറുകോടി രൂപയോളം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രതാപന്റെയും ശ്രീനയുടെയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചു. ഇഡി പരിശോധക്ക് എത്തും മുമ്പ് ഇരുവരും ഒളിവിൽ പോകുകയായിരുന്നു. നേരത്തെ തട്ടിപ്പിൽ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിലും മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ ഒത്താശയോടെയാണ് വൻതോതിൽ തട്ടിപ്പ് നടന്നതെന്ന് അനിൽ അക്കര ആരോപിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. എന്നാൽ കേസിൽ ഗൗരവമായ അന്വേഷണം നടന്നിരുന്നില്ലെന്നാണ് ആരോപണം. പ്രതാപൻ മുൻപും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയാണ്. ഹൈറിച്ച് മണി ചെയിനുമായി ബന്ധപ്പെട്ട് 1,630 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയുന്നു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറയുന്നുണ്ട്. 1,63,000 ഉപഭോക്താക്കളിൽനിന്നാണ് പണം തട്ടിയത്.