
ന്യൂഡല്‍ഹി: അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനുനേരെ വ്യാപകമായി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍, ‘ബംഗ്ലാദേശ് ഞങ്ങളുടെ മാതൃരാജ്യമാണ്, ഞങ്ങള്‍ എവിടേക്കും പോകില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ജീവനും സ്വത്തുക്കള്‍ക്കും ആരാധനാലയങ്ങള്‍ക്കും സുരക്ഷ ആവശ്യപ്പെട്ട് വലിയൊരു വിഭാഗം ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി ഒത്തുകൂടി.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിലിടപെട്ട യു.എന്‍, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇടക്കാല സര്‍ക്കാരിന്റെ തലവനായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ യൂനുസും ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചിരുന്നു.















