
കേരളത്തിലെ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. ഏകദേശം ഒരു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്.അത് മാത്രമല്ല സന്തോഷം.
ചൈന സ്വര്‍ണശേഖരം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തിവയ്ക്കാന്‍ അപ്രതീക്ഷിതമായി തീരുമാനിച്ചതിന്റെയും അമേരിക്കയില്‍ തൊഴില്‍നിരക്ക് കൂടിയതിന്റെയും ചുവടുപിടിച്ചാണ് കേരളത്തിലും വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചത്തെ നിരക്കില്‍ നിന്ന് 1,520 രൂപയാണ് പവന് കുറഞ്ഞത്. ലൈറ്റ് വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് 150 രൂപ കുറഞ്ഞ് ഗ്രാമിന് 5,470 രൂപയായി. ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, തങ്ങളുടെ ഗോൾഡ് റിസർവ്വിലേക്ക് നടത്തുന്ന വാങ്ങൽ പൊടുന്നനെ നിർത്തി വെച്ചതാണ് വില വൻ തോതിൽ കുറയാൻ കാരണമായത്. തുടർച്ചയായി 18 മാസങ്ങളിൽ സ്വർണ്ണം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് പർച്ചേസ് നിർത്തിയിരിക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ വൻ തോതിൽ സ്വർണവില ഉയർന്നതാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.