
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ഒരു മുസ്ലീം പുരുഷനോടും ഒപ്പമുണ്ടായിരുന്ന സ്ത്രീകളോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റു ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിജ്നോറില്‍ ഹോളി ആഘോഷിക്കുന്ന ഒരു സംഘമാണ് അതുവഴി ബൈക്കില്‍ പോകുകയായിരുന്ന മുസ്ലീം പുരുഷനെയും രണ്ട് സ്ത്രീകളെയും തടഞ്ഞുനിര്‍ത്തി മോശമായി പെരുമാറിയത്.
ഇവരെ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ മൂന്നുപേരുടേയും മുഖത്ത് ബലമായി നിറങ്ങള്‍ തേക്കുകയും പൈപ്പ് ഉപയോഗിച്ച് സ്ത്രീകള്‍ക്ക് മേല്‍ വെള്ളം തളിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്താകുകയും പിന്നാലെ ബിജ്നോര്‍ പോലീസ് മേധാവി ലോക്കല്‍ പോലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും അനിരുദ്ധ് എന്ന യുവാവിനെ അറസ്റ്റുചെയ്യുകയും ചെയ്തത്. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, മുറിവേല്‍പ്പിക്കല്‍, സ്ത്രീയെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് വീഡോയോയില്‍ വ്യക്തമാണ്, എങ്കിലും അവരുടെ പ്രതിഷേധം കണക്കിലെടുക്കാതെ, ബക്കറ്റിലുള്‍പ്പെടെ നിറങ്ങള്‍ ചേര്‍ത്ത വെള്ളം എടുത്ത് യുവാക്കള്‍ സ്ത്രീകള്‍ക്ക് മേല്‍ ഒഴിക്കുകയും ഇത് ‘ഇത് 70 വര്‍ഷത്തെ ആചാരമാണ്’ എന്ന് പറയുകയുമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന്, ഹോളി സമയത്ത് ആളുകള്‍ ആരെയും ശല്യപ്പെടുത്തരുതെന്നും ആളുകളുടെ മേല്‍ ബലമായി നിറങ്ങള്‍ പ്രയോഗിക്കരുതെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബിജ്നോര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.