
ന്യൂഡൽഹി: നഗരത്തിലെ പ്രശസ്തമായ സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
സമിതിയിൽ ഭവന,ധനകാര്യ മന്ത്രാലയം അഡീഷ്ണൽ സെക്രട്ടറി, ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി(ആഭ്യന്തരം), ഡൽഹി പോലീസിലെ സ്പെഷ്യൽ സി.പി, ഫയർ അഡ്വൈസർ എന്നിവർ അംഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറി കൺവീനറുമായിരിക്കും.
വിദ്യാർത്ഥികളുടെ മരണത്തിന്റെ കാരണങ്ങൾ സമതി അന്വേഷിക്കുകയും നടപടികൾ നിർദ്ദേശിക്കുകയും നയ മാറ്റങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള തന്യ സോണി (25), എറണാകുളം സ്വദേശി നെവിൻ ഡെൽവിൻ (24) എന്നിവരാണ് ശനിയാഴ്ച രാത്രി ഓൾഡ് രജീന്ദർ നഗറിലെ റാവുവിൻ്റെ ഐഎഎസ് സ്റ്റഡി സർക്കിളിലെ വെള്ളക്കെട്ടിൽ മരിച്ചത്.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.















