പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹോങ്കോങ്ങ് പൗരന് 14 മാസം തടവ് ശിക്ഷ. ചു കൈ-പോങ് (27) എന്ന യുവാവിനാണ് ഒരു വര്‍ഷവും രണ്ട് മാസവും ജയില്‍ ശിക്ഷ ലഭിച്ചത്. നഗരത്തിലെ ഒരു സബ്വേ സ്റ്റേഷനില്‍ വെച്ച് ജൂണ്‍ മാസത്തിലാണ് ചു കൈ-പോങ് പോലീസിന്റെ പിടിയിലായത്.
‘ഹോങ്കോങിനെ വിമോചിപ്പിക്കുക, നമ്മുടെ കാലത്തെ വിപ്ലവം’ എന്നിങ്ങനെയുള്ള വാചകങ്ങള്‍ ഇദ്ദേഹം ധരിച്ച ഷര്‍ട്ടില്‍ ഉണ്ടായിരുന്നു. ‘FDNOL’ എന്ന് എഴുതിയ ഒരു മുഖംമൂടിയും ചു കൈ പോങ് ധരിച്ചിരുന്നു. മറ്റൊരു മുദ്രാവാക്യത്തിന്റെ ആദ്യാക്ഷരങ്ങളായിരുന്നു ഇവ. 2019-ലെ ഹോങ്കോങ് നഗരത്തില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ ഉപയോഗിക്കപ്പെട്ട മുദ്രവാക്യങ്ങളായിരുന്നു ഇവ. ഇതേ കുറ്റത്തിന് മുമ്പ് മൂന്നുമാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ചു കൈ പോങ്.
2019 ലെ പ്രതിഷേധത്തിന്റെ വാര്‍ഷികം ആചരിക്കാന്‍ ജൂണ്‍ 12-ന് വലിയ ജനക്കൂട്ടമായിരുന്നു തെരുവുകളില്‍ ഒത്തുകൂടിയിരുന്നത്. ഇതിനിടെയായിരുന്നു ചുവിന്റെ അറസ്റ്റ്. സ്വന്തം മലം അടങ്ങിയ ഒരു പെട്ടിയും അറസ്റ്റിലാകുമ്പോള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. തന്റെ വീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ആയിരുന്നു ഇതെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞിരുന്നത്.
ജൂണ്‍ 14 മുതല്‍ ചു കൈ പാങ് കസ്റ്റഡിയിലായിരുന്നു. ദേശീയ സുരക്ഷ കേസുകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ചീഫ് മജിസ്ട്രേറ്റ് വിക്ടര്‍ സോവിന് മുമ്പില്‍ കുറ്റം സമ്മതിച്ച പ്രതി 2019-ലെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനാണ് താന്‍ മുദ്രവാക്യം എഴുതിയ ടി ഷര്‍ട്ട് ധരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. മുമ്പ് ശിക്ഷിക്കപ്പെട്ട ആളായിരുന്നിട്ട് കൂടി പ്രതിക്ക് പശ്ചാത്താപമുണ്ടായില്ല എന്ന വാദം അംഗീകരിച്ച കോടതി ഗുരുതര രാജ്യദ്രോഹക്കുറ്റമാണ് ചു ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.















