ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാര്‍ നല്‍കിയില്ല, തമിഴ്‌നാട്ടില്‍ ഹോട്ടല്‍ ജീവനക്കാരനെ കൊന്നു

ചെന്നൈ: ഇഡ്ഡലിക്കൊപ്പം അധികം സാമ്പാര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കാതിരുന്ന ഹോട്ടല്‍ ജീവനക്കാരനെ കടയിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ അച്ഛനും മകനും കൊലപാതകം നടത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ പൊലീസ് പിടിയിലാണ്.

തഞ്ചാവൂര്‍ സ്വദേശിയായ അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. അനകാപുത്തൂര്‍ ലക്ഷ്മി നഗറിലെ ശങ്കര്‍ (55), മകന്‍ അരുണ്‍കുമാര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. അരുണ്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പമ്മല്‍ മെയിന്‍ റോഡിലെ ഒരു ഹോട്ടലിലാണ് ദാരുണമായ സംഭവമുണ്ടായത്.

ശങ്കറും മകന്‍ അരുണ്‍കുമാറും പാഴ്‌സലായി കൊണ്ടുപോകാന്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തു. ഇതിനോടൊപ്പം കൂടുതല്‍ സാമ്പാറും ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടല്‍ ജീവനക്കാര്‍ ഇത് വിസമ്മതിച്ചതോടെ ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വഴക്കില്‍ ഇടപെട്ടങ്കിലും ഇരുവരും ചേര്‍ന്ന് സെക്യൂരിറ്റിയെയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അരുണിനെ പിതാവും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പായിരുന്നു അരുണിന്റെ വിവാഹം. സഹപ്രവര്‍ത്തകയായ പവിത്രയെയാണ് അരുണ്‍ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.

hotel worker killed in Tamil Nadu over sambar

More Stories from this section

family-dental
witywide