
വാഷിംഗ്ടണ്‍: യെമനില്‍ നിന്ന് തൊടുത്ത മിസൈല്‍ ബുധനാഴ്ച ഏദന്‍ ഉള്‍ക്കടലില്‍ കപ്പലില്‍ ഇടിച്ച് മൂന്ന് നാവികര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവം യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലൈബീരിയന്‍ ഉടമസ്ഥതയിലുള്ള M/V ട്രൂ കോണ്‍ഫിഡന്‍സിലാണ് മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് കപ്പലിന് കാര്യമായ നാശനഷ്ടം വരുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ തങ്ങള്‍ ആക്രമിക്കുകയാണെന്ന് പറഞ്ഞ് നവംബറിലാണ് ഹൂത്തികള്‍ ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയത്. പിന്നീടിങ്ങോട്ട് നിരവധി ആക്രമണങ്ങള്‍ക്ക് ചെങ്കടലിലെ കപ്പല്‍പാത സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ജീവന്‍ പൊലിയുന്ന ആക്രമണം ഇതാദ്യമാണ്.
അന്താരാഷ്ട്ര കപ്പലുകളിലേക്ക് ഹൂതികള്‍ മിസൈലുകള്‍ തൊടുത്തതിന്റെ സങ്കടകരമായ അനന്തരഫലമാണിതെന്ന് സംഭവത്തില്‍ അപലപിച്ച യെമനിലെ ബ്രിട്ടീഷ് എംബസി പറഞ്ഞു.
അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ തൊടുത്തുവിട്ട അഞ്ചാമത്തെ കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലാണിത്, ഏറ്റവും പുതിയത് ഉള്‍പ്പെടെ രണ്ടെണ്ണം വ്യാപാര കപ്പലുകളില്‍ ഇടിച്ചതായും മൂന്നാമത്തേത് ഒരു അമേരിക്കന്‍ ഡിസ്‌ട്രോയര്‍ വെടിവച്ചിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.