
ന്യൂഡല്‍ഹി: ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് രണ്ട് കപ്പലുകളും ചെങ്കടലില്‍വെച്ച് ഒരു കപ്പലുമാണ് ആക്രമിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ കപ്പലായ ലാറെഗോ ഡെസേര്‍ട്ടും ഇസ്രായേല്‍ കപ്പലായ എംഎസ്സി മെച്ചെലയും ലക്ഷ്യമാക്കിയായിരുന്നു രണ്ട് ആക്രമണങ്ങളെന്നും മൂന്നാമത്തേത് ചെങ്കടലില്‍ മിനര്‍വ ലിസ എന്ന കപ്പലിനെ ലക്ഷ്യമാക്കിയായിരുന്നുവെന്നും ഹൂത്തി നേതാവ് യഹ്യ സരിയ പറഞ്ഞു. ഹൂതി നടത്തുന്ന അല്‍ മസീറ ടിവിയാണ് ഇത് സംബന്ധിച്ച പ്രസ്താവന സംപ്രേഷണം ചെയ്തത്.
തന്റെ സംഘം ചെങ്കടലിലെ രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും ഇസ്രായേല്‍ ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും സരിയ പറഞ്ഞു. വെള്ളിയാഴ്ച, മെഡിറ്ററേനിയന്‍ കടലില്‍ ഇസ്രായേല്‍ കപ്പലായ എസ്സെക്സിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായും ഹൂതി ഗ്രൂപ്പ് അവകാശപ്പെട്ടു.











