
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68-വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തിന് നിപ ബാധയെ തുടര്‍ന്ന് ഇന്ന് മരിച്ച പാണ്ടിക്കാട് സ്വദേശി തന്നെയായ പതിനാലുകാരനുമായി സമ്പര്‍ക്കമില്ല.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇന്നു മരിച്ച കുട്ടിക്ക് പനി വരുന്നതിനും മുന്‍പേ ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു. നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയാണ് മരിച്ച കുട്ടി.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐ.സി.യുവിലേക്ക് മാറ്റിയത്. അതിന് മുന്‍പ് സ്വകാര്യ ആശുപത്രികളിലായിരുന്നു കുട്ടി ചികിത്സ തേടിയത്. ഇന്ന് രാവിലെ 10.50-ന് കുട്ടിക്ക് ഹൃദയാഘാതമുണ്ടാവുകയും രക്തസമ്മര്‍ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 11 ദിവസം മുന്‍പായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്.
one more person hospitalized due to NIPAH Suspicion












