
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ (60) സംസ്‌കാരം ഇന്ന് രാവിലെ 10:45 ഓടെ കനത്ത സുരക്ഷയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗാസിപൂരില്‍ നടന്നു. ജയിലില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് മുഖ്താര്‍ മരിച്ചത്.
അഞ്ച് തവണ എംഎല്‍എ ആയിരുന്ന മുഖ്താറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കിയതെങ്കിലും അദ്ദേഹത്തിന്റെ ചില അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ശ്മശാനഭൂമിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് പോലീസുമായി അല്‍പ്പനേരത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചു. അദ്ദേഹം അഞ്ച് തവണ എം.എല്‍.എ ആയിരുന്ന മൗ ഉള്‍പ്പെടെയുള്ള ഗാസിപൂരിലും പരിസര ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബന്ദയിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം ഗാസിപൂരില്‍ എത്തിച്ചത്. അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ജയിലില്‍ വെച്ച് അന്‍സാരിക്ക് സ്ലോ പോയിസണ്‍ നല്‍കിയെന്ന് കുടുംബം ആരോപിച്ചതിനാല്‍ ബന്ദയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘം മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും.