അയോധ്യയില്‍ വന്‍ തിരക്ക്; വാഹനങ്ങള്‍ക്ക് പ്രവേശനം വിലക്കി

അയോധ്യ: അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ രാമലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ്, ചൊവ്വാഴ്ചയാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. തുടര്‍ന്ന് അയോധ്യയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കണക്കിലെടുത്ത് അയോധ്യയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം വിലക്കിയിരിക്കുകയാണ്.

ചൊവ്വാഴ്ച രാവിലെമുതല്‍ അയോധ്യയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്കാണ്. ഇത് തിരക്ക് വര്‍ദ്ധിക്കാനും സുരക്ഷ അടക്കമുള്ള സാഹചര്യങ്ങള്‍ക്ക് വെല്ലുവിളി ആകുകയും ചെയ്ത സാഹചര്യത്തിലാണ് വാഹനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിക്കും തിരക്കും കാരണം ചിലര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയെങ്കിലും കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.