പീഡനക്കേസ് പ്രതി 10 കൊല്ലമായി കോച്ച്; ‘കെസിഎ ഒന്നുമറിഞ്ഞില്ലേ?’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്‍റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കോച്ച് എം.മനുവിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മിഷൻ, കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസും അയച്ചു. എന്തുകൊണ്ട് ഈ സാഹചര്യം വന്നെന്ന് കെസിഎ വിശദീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന കേസിൽ പ്രതിയായ മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ കോച്ചാണ്. തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾ പോക്സോ കേസിൽ റിമാന്‍ഡിലാണ്‌. കുട്ടികളുടെ നഗ്നചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്.

സംഭവത്തിനു ശേഷം കുട്ടികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെസിഎ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മനു അറസ്റ്റിലായി. എന്നാല്‍ ഇരയെ സ്വാധീച്ച് മൊഴി മാറ്റിച്ചാണ് കേസില്‍ നിന്നും രക്ഷപ്പെട്ടത്. എന്നിട്ടും ഇയാള്‍ക്ക് കോച്ചായി തുടരാന്‍ കഴിഞ്ഞു എന്നതാണ് ഞെട്ടിക്കുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങൾ കുറവാണെന്ന് പറഞ്ഞാണ് മാതാപിതാക്കളെ സ്വാധീനിക്കുന്നത്. ഇങ്ങനെ തന്നെയാണ് കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുന്നതും. ക്രിക്കറ്റിൽ നിലനിൽക്കണമെങ്കിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഓഫ് ഇന്ത്യക്ക് മുന്നിൽ ശാരീരികക്ഷമത ഉറപ്പുവരുത്തണമെന്നും അതിന് ഫോട്ടോകൾ ആവശ്യമാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്.

ഈയിടെ പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് കെസിഎ സംഘടിപ്പിച്ചിരുന്നു. ഇതിലും കോച്ചായി മനു എത്തിയിരുന്നു. പ്രതിയില്‍ നിന്നും ലൈംഗിക പീഡനം അനുഭവിച്ച പെണ്‍കുട്ടി മനുവിനെ കണ്ടതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റു പെൺകുട്ടികളും രംഗത്തെത്തുകയായിരുന്നു.

More Stories from this section

family-dental
witywide