
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ ഒരാള്‍ക്ക് മാപ്പ് നല്‍കിയതിലുള്ള രോഷത്തെ തുടര്‍ന്ന് ഹംഗേറിയന്‍ പ്രസിഡന്റ് കാറ്റലിന്‍ നൊവാക് ശനിയാഴ്ച രാജി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ അടുത്ത സഖ്യകക്ഷിയായ ആളാണ് കാറ്റലിന്‍ നൊവാക്.
കറ്റാലിന്‍ നൊവാക് രാജ്യത്തെ പ്രസിഡന്റായ ആദ്യ വനിതയായിരുന്നു. ചില്‍ഡ്രന്‍സ് ഹോം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മാപ്പ് നല്‍കിയതാണ് വിവാദമായത്. തങ്ങളുടെ ചുമതലയിലുള്ള കുട്ടികളെ തന്റെ ബോസ് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് മറച്ചുവെക്കാന്‍ അയാള്‍ സഹായിച്ചെന്നാണ് കേസ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഏതാനും തടവുകാര്‍ക്ക് പ്രസിഡന്റ് മാപ്പ് നല്‍കിയത്. ഇതാണ് വിവാദത്തിനും പ്രസിഡന്റിന്റെ രാജിക്കും കാരണമായത്.