
വാഷിംഗ്ടണ്‍: 2018 ല്‍ നിയമ വിരുദ്ധമായി റിവോള്‍വര്‍ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കണ്ടെത്തി.
ഒരു തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ നടത്തുക, രേഖകളിൽ സൂക്ഷിക്കേണ്ട വിവരങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുക, നിയന്ത്രിത പദാർത്ഥം നിയമവിരുദ്ധമായി ഉപയോഗിക്കുന്ന ഒരു വ്യക്തി തോക്ക് കയ്യിൽ വയ്ക്കുക എന്നിവയാണ് ഹണ്ടർ ബൈഡനെതിരെ ചുമത്തിയ കുറ്റകൃത്യങ്ങൾ. ഹണ്ടര്‍ എന്ന റോബര്‍ട്ട് ഹണ്ടര്‍ ബൈഡന്‍ ആറു വര്‍ഷം മുന്‍പ് (2018 ഒക്ടോബറില്‍) ഒരു കൈത്തോക്ക് വാങ്ങിയതാണ് അദ്ദേഹത്തിനെതിരായ കേസിന് ആധാരം. അതോടനുബന്ധിച്ച് തോക്ക് കച്ചവടക്കക്കാരനു പൂരിപ്പിച്ചുകൊടുത്ത ഫോമില്‍ “താങ്കള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണോ?” എന്ന ചോദ്യത്തിനു മറുപടിയായി ഹണ്ടര്‍ അടയാളപ്പെടുത്തിയത് ‘അല്ല’ എന്നായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട ജൂറി ചർച്ചകൾക്ക് ശേഷമാണ് ചൊവ്വാഴ്ച വിധി വന്നത്. 54 കാരനായ ഹണ്ടർ ബൈഡന് 25 വർഷം വരെ തടവും 750,000 ഡോളർ പിഴയും ശിക്ഷയായി ലഭിക്കും. അതേസമയം ഹണ്ടർ ബൈഡന് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.