ബെറില്‍ ചുഴലിക്കാറ്റ് മെക്സിക്കോയില്‍: റെഡ് അലര്‍ട്ട്

മെക്‌സിക്കോ: കരീബിയന്‍ തീരത്ത് 11 പേരുടെ ജീവനെടുത്ത ബെറില്‍ ചുഴലിക്കാറ്റ് മെക്സിക്കോയില്‍ തീരം തൊട്ടു. മെക്സിക്കോയുടെ കിഴക്കന്‍ തീരത്ത് വീശിയടിച്ച ബെറില്‍ ചുഴലിക്കാറ്റിനെ കാറ്റഗറി 2 കൊടുങ്കാറ്റായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപകമായ വൈദ്യുതി മുടക്കമുണ്ടായിട്ടുണ്ട്. അധികൃതര്‍ അതീവ ജാഗ്രതയിലാണ്.

വെള്ളിയാഴ്ച തുലമിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ എത്തിയ ബെറിലിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ (100 മൈല്‍) ആയി കുറഞ്ഞെങ്കിലും, മെക്‌സിക്കോയുടെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. താമസക്കാരോട് വീടുകളില്‍ തന്നെ തുടരാനോ സുരക്ഷാ ഇടങ്ങളില്‍ അഭയം തേടാനോ നിര്‍ദേശമുണ്ട്. എന്നാല്‍, മെക്‌സിക്കോയില്‍ ആളപായമോ വലിയ ദുരന്തങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തില്‍ കരകയറുന്നതിന് മുമ്പാണ് കൊടുങ്കാറ്റ് ഗള്‍ഫ് ഓഫ് മെക്സിക്കോയിലൂടെ കടന്നുപോകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.