
തൃശൂര്‍: കൊരട്ടിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകില്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38) വെട്ടിക്കൊലപ്പെടുത്തിയത്.
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബിനു ഷീജയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവരുടെ രണ്ട് മക്കള്‍ക്കും പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരയുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.
പരിക്കേറ്റ അഭിനവ്, അനുരാഗ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ ആദ്യഘട്ടത്തില്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. പരിക്കേറ്റ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഷീജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.














