
തിരുവനന്തപുരം: വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ, അക്യുപങ്ക്ചർ ചികിത്സകൻ ശിഹാബുദ്ദീനെതിരെ പൊലീസ് സ്റ്റേഷനിൽവച്ച് കൊലപാതക ഭീഷണി മുഴക്കി, മരിച്ച ഷമീറ ബീവിയുടെ ഭർത്താവ് നയാസ്. ശിഹാബുദ്ദീനെ തെളിവെടുപ്പിനായി നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സംഭവം. പൊലീസ് ഇടപെട്ടാണ് ശിഹാബുദ്ദീനെ രക്ഷപ്പെടുത്തിയത്.
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. അക്യുപങ്ക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നു നയാസ് മൊഴി നൽകിയിട്ടുണ്ട്. ഷമീറയ്ക്കു മറ്റു ചികിത്സകൾ നൽകാനുള്ള ശിഹാബുദ്ദീന്റെ ശ്രമം താൻ തടഞ്ഞതായും നയാസ് പൊലീസിനോടു പറഞ്ഞു.
പാലക്കാട് സ്വദേശിയായ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വീട്ടിൽ പ്രസവിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു മരണം. നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.