
ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്. വിദ്യാര്‍ത്ഥിയെ എത്രയും വേഗം കണ്ടെത്താന്‍ ന്യൂയോര്‍ക്കിലെ പ്രാദേശിക നിയമപാലകരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായും യുഎസിലെ അധികാരികളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സില്‍ ഒരു പോസ്റ്റിലൂടെ അറിയിച്ചു.
ഹൈദരാബാദിലെ നാചരം സ്വദേശിയായ മുഹമ്മദ് അബ്ദുള്‍ അര്‍ഫത്തിനെ ഈ മാസം ആദ്യം മുതലാണ് ക്ലീവ്ലാന്‍ഡില്‍ നിന്നും കാണാതായത്. 25 വയസ്സുകാരനായ വിദ്യാര്‍ത്ഥി കഴിഞ്ഞ വര്‍ഷം മേയിലാണ് ക്ലീവ്ലാന്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഐടിയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയത്. മാര്‍ച്ച് 7 നാണ് അര്‍ഫത്ത് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടതെന്ന് പിതാവ് മുഹമ്മദ് സലീം പറഞ്ഞു. അതിനുശേഷം അദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പിതാവ് പറഞ്ഞു.
അതേസമയം, മകനെ ക്ലീവ്ലാന്‍ഡില്‍ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ തട്ടിക്കൊണ്ടുപോയതായി അറിയിച്ചു അബ്ദുളിന്റെ പിതാവിന് ഈ മാസം 19 ന് അജ്ഞാത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. തുടര്‍ന്ന് മകനെ മോചിപ്പിക്കാന്‍ 1200 ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ വൃക്ക മാഫിയക്ക് വില്‍ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും വീട്ടുകാര്‍ പറഞ്ഞു.
യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം കൂടുതല്‍ ബലം നല്‍കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍, ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ മരണം സംബന്ധിച്ച നിരവധി കേസുകളുണ്ടാകുകയും ഇത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക പടര്‍ത്തുകയും ചെയ്യുന്നുണ്ട്.