
ന്യൂഡൽഹി: മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. തീഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റിലൂടെയാണ് കെജ്‌രിവാൾ പുറത്തേക്കിറങ്ങിയത്. ഇന്ന് രാവിലെ സുപ്രീം കോടതി കെജ്‌രിവാളിന് ജൂണ്‍ ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കമുള്ളവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. തീഹാര്‍ ജയിലിന് പുറത്ത് എഎപി അണികള്‍ ആഹ്ളാദനൃത്തം നടത്തി. തിരികെ എത്തിയതിൽ ആവേശമുണ്ടെന്ന് പ്രതികരിച്ച കെജ്രിവാൾ സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു. ആവേശത്തോടെയാണ് കെജ്‌രിവാളിന് എഎപി സ്വീകരണം ഒരുക്കിയത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിലാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 50-ാം ദിനമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ജൂണ്‍ രണ്ടിന് ജയിലില്‍ തിരികെ എത്തണം.
“ഉടൻ മടങ്ങിവരുമെന്ന് ഞാൻ പറഞ്ഞില്ലേ? ഞാൻ മടങ്ങിയെത്തി.” “എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, ഇപ്പോൾ നമ്മൾ 140 കോടി പേരും അത് ചെയ്യണം.” വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. “നാളെ രാവിലെ 11 മണിക്ക്, ഞങ്ങൾ എല്ലാവരും കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലേക്ക് പോകും, തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് പാർട്ടി ഓഫീസിൽ പത്രസമ്മേളനം ഉണ്ടായിരിക്കും; എല്ലാവരോടും ഹനുമാൻ മന്ദിറിലേക്ക് വരാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” കെജ്രിവാൾ പറഞ്ഞു.