
ന്യൂഡൽഹി: നരേന്ദ്ര മോദി വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പദവിയുടെയും അന്തസ്സ് താഴ്ത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.
‘‘മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവെച്ചുകൊണ്ട് ഇത്രയും വിദ്വേഷജനകവും പാർലമെന്ററി വിരുദ്ധവും രൂക്ഷവുമായ വാക്കുകൾ പ്രയോഗിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞാൻ രാഷ്ട്രീയ പ്രഭാഷണങ്ങൾ ശ്രദ്ധാപൂർവം പിന്തുടർന്നിരുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. അത് പൂർണമായും ഭിന്നിപ്പിക്കുന്ന രീതിയിലാണ്. എന്നെക്കുറിച്ച് ചില തെറ്റായ പ്രസ്താവനകളും അദ്ദേഹം നടത്തി. ജീവിതത്തിൽ ഞാനൊരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽനിന്ന് വേർതിരിച്ചിട്ടില്ല. അത് ബിജെപിയുടെ മാത്രം കുത്തകയാണ്,’’ മൻമോഹൻ കുറ്റപ്പെടുത്തി.