‘ഞാൻ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നു’; കമ്മിൻസിനോട് ഇന്ത്യൻ ആരാധകൻ, താരത്തിന്റെ മറുപടി

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ഫോട്ടോയ്ക്ക് ഒരു ഇന്ത്യൻ ആരാധകന്റെ കമന്റും ആരാധകന് കമ്മിൻസ് നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്. പ്രണയദിനത്തിൽ ഭാര്യ ബെക്കി കമ്മിൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പാറ്റ് തന്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്നിരുന്നു.

“സൂപ്പർ അമ്മ, ഭാര്യ, എന്റെ പ്രണയിനി, എന്റെ സർഫിങ് കൂട്ടാളി. പ്രണയദിനാശംസകൾ ബെക്കി കമ്മിൻസ്,” എന്നാണ് സർഫിങ്ങിനിടയിലുള്ള തങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് കമ്മിൻസ് കുറിച്ചത്. ഇതിനു താഴെയായി ഫർഹാൻ ഖാൻ എന്നൊരാൾ കമന്റ് ചെയ്തു “ഞാൻ ഒരു ഇന്ത്യക്കാരനാണ്. ഞാൻ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നു,” എന്നായിരുന്നു കമന്റ്. ഇക്കാര്യം ഭാര്യയെ അറിയിച്ചേക്കാമെന്ന കമ്മിസിന്റെ മറുകമന്റും പിന്നാലെ വന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കും ഏകദിന ലോകകപ്പ് കിരീടങ്ങളിലേക്കും ഓസ്‌ട്രേലിയയെ നയിച്ച സ്റ്റാർ പേസർ എന്ന നിലയിൽ 2023 കമ്മിൻസിന് അവിസ്മരണീയമായ വർഷമായിരുന്നു. രണ്ട് തവണയും ഓസ്‌ട്രേലിയ ടീം ഇന്ത്യയെ മറികടന്ന് ഐസിസി ട്രോഫികൾ സ്വന്തമാക്കി. ഇതുകൂടാതെ ഐസിസി മെൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡും കമ്മിൻസ് നേടി.

അവാർഡ് സ്വീകരിക്കുമ്പോൾ, കമ്മിൻസ് ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയെയും രവീന്ദ്ര ജഡേജയെയും പ്രശംസിച്ചതും വാർത്തയായിരുന്നു.