
ഗ്രാൻഡ് റാപ്പിഡ്‌സ്: കഴിഞ്ഞ ശനിയാഴ്ച പെൻസിൽവാനിയയിലെ റാലിയിൽ നടന്ന കൊലപാതകശ്രമത്തെ അതിജീവിച്ചതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രചാരണ റാലിയിൽ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രപ്. താൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന ആശങ്കകൾ ട്രംപ് നിരസിച്ചു. കഴിഞ്ഞയാഴ്ച താൻ വെടിയുണ്ടയെ നേരിട്ടത് ജനാധിപത്യത്തിന് വേണ്ടിയാണെന്ന് അണികളോട് ട്രംപ് പറഞ്ഞു.
“ഞാനൊരു തീവ്രപക്ഷക്കാരനാല്ല,” റിപ്പബ്ലിക്കൻ മിഷിഗണിലെ സ്വിംഗ് സ്റ്റേറ്റിലെ റാലിയിൽ ട്രംപ് പറഞ്ഞു. പ്രൊജക്റ്റ് 2025 ആയുള്ള തന്റെ ബന്ധം സംബന്ധിക്കുന്ന റിപ്പോർട്ടുകൾ ട്രംപ് നിരസിച്ചു. ജോ ബോഡനെയും ഡെമോക്രാറ്റിക് പാർട്ടിയെയും ട്രംപ് പരിഹസിച്ചു. ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന് 2029 വരെ അമേരിക്കൻ ജനതയെ സേവിക്കാനാകുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരിഹാസം.
“അവരുടെ സ്ഥാനാർത്ഥി ആരാണെന്ന് അവർക്ക് അറിയില്ല… ഈ കക്ഷി പോയി വോട്ട് ചോദിക്കുന്നു അദ്ദേഹത്തിന് വോട്ട് കിട്ടുന്നു. ഇപ്പോൾ അയാളെ തന്നെ എടുത്ത് കളയാൻ അവർ ആഗ്രഹിക്കുന്നു. അതാണ് ജനാധിപത്യം,” 12,000-ത്തോളം വരുന്ന അനുയായികളോട് ട്രംപ് പറഞ്ഞു.
പെൻസിൽവാനിയയിലെ റാലിയിൽ നടന്ന കൊലപാതക ശ്രമത്തിന് ശേഷം സീക്രട്ട് സർവീസ് ഏജൻ്റുമാരാൽ ചുറ്റപ്പെട്ടപ്പോൾ, വായുവിലേക്ക് മുഷ്ടി ചുരുട്ടി ‘ഫൈറ്റ്’ എന്ന് ട്രംപ് പറഞ്ഞിരുന്നു. അത് ഈ റാലിയിലും ആവർത്തിച്ചു. ഗ്രാൻഡ് റാപ്പിഡിലെ ജനക്കൂട്ടം ശനിയാഴ്ച ഒന്നിലധികം തവണ അദ്ദേഹത്തോട് ‘ഫൈറ്റ്’ എന്ന വാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ ചിലർ 90 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തിൽ മടുപ്പനുഭവപ്പെട്ട് സ്ഥലത്തു നിന്ന് പോകുന്നതും മറ്റൊരു കാഴ്ചയായി.