‘ഞാൻ കരഞ്ഞുപോയി’; ഇ ഡി കസ്റ്റഡിയില്‍നിന്ന് കെജ്രിവാളിന്റെ ആദ്യ ഉത്തരവ് പങ്കുവച്ച് അതിഷി

ന്യൂഡൽഹി: ജയിലിൽ നിന്ന് ഡൽഹി മുഖ്യമന്ത്രിയായി തുടരാനാകുമോ ഇല്ലയോ എന്ന ചർച്ചയ്ക്കിടെ അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ലോക്കപ്പിൽ നിന്ന് തൻ്റെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യതലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷിക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി നൽകിയത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിച്ച് താൻ കണ്ണീരൊഴുക്കുകയായിരുന്നുവെന്ന് അതിഷി പിന്നീട് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “അരവിന്ദ് കെജ്‌രിവാൾ ജി എനിക്ക് ഒരു കത്തും നിർദ്ദേശവും അയച്ചിട്ടുണ്ട്. അത് വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. ജയിലിൽ കഴിയുന്ന ഈ മനുഷ്യൻ ആരാണെന്ന് ഞാൻ ചിന്തിച്ചു, പക്ഷേ ഇപ്പോഴും ദില്ലി നിവാസികളുടെ വെള്ളത്തിൻ്റെയും മാലിന്യ പ്രശ്‌നങ്ങളെപ്പറ്റിയും ചിന്തിക്കുന്നു. ഡൽഹിയിലെ 2 കോടി ജനങ്ങളുടെ കുടുംബാംഗമായി സ്വയം കരുതുന്നതിനാലാണ് കെജ്രിവാളിന് ഇത് ചെയ്യാൻ കഴിയുന്നത്,” അവർ പറഞ്ഞു.

“ഞാൻ ബിജെപിയോട് പറയാൻ ആഗ്രഹക്കുന്നു, നിങ്ങൾക്ക് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാം, പക്ഷേ നിങ്ങൾക്ക് ദില്ലിയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹവും കടമയും തടവിലിടാൻ കഴിയില്ല,” അവർ പറഞ്ഞു.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ മെഴുകുതിരി മാർച്ച് നടത്തുകയും കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.

More Stories from this section

family-dental
witywide