
ലണ്ടന്‍ : ബ്രിട്ടനിലെ ചാള്‍സ് രാജാവിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചിട്ട് ഒരുമാസം പിന്നിടുന്നു. രോഗ നിര്‍ണ്ണയത്തിനു പിന്നാലെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജപദവിയില്‍ തുടരുകയും പൊതു ഇടങ്ങളില്‍ എത്തുന്നതും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും ആളുകളുമായി സംവദിക്കുന്നതും ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം വഴി അദ്ദേഹം ജനങ്ങളോട് സംസാരിച്ചിരിക്കുകയാണ്.
എന്റെ കഴിവിന്റെ പരമാവധി സേവിക്കുന്നത് തുടരുമെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് തിങ്കളാഴ്ച പറഞ്ഞു, താന്‍ ആരോഗ്യവാനായി തിരിച്ചുവരാന്‍ ആളുകള്‍ പ്രകടിപ്പിച്ച ആഗ്രഹങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു വെന്നും അദ്ദേഹം വ്യക്തമാക്കി. കോമണ്‍വെല്‍ത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം ജനങ്ങളോട് മനസ് തുറന്നത്. തന്റെ പ്രസംഗത്തില്‍, കോമണ്‍വെല്‍ത്തിന്റെ വൈവിധ്യത്തെ പ്രകീര്‍ത്തിച്ച ചാള്‍സ് രാജാവ്, ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥയും സാമ്പത്തിക വെല്ലുവിളികളും മറികടക്കാന്‍ അംഗരാജ്യങ്ങളോട് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു.
അമ്മ എലിസബത്ത് രാജ്ഞിയുടെ മരണശേഷം 2022 സെപ്തംബറില്‍ രാജാവായ 75 കാരനായ ചാള്‍സ് രാജാവ്, ജനുവരിയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് അസുഖം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി, എന്നാല്‍ പിന്നീട് അദ്ദേഹത്തിന് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.