‘തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ 4ന് തൃശൂരിന് ഉയിർപ്പ്’ : സുരേഷ് ഗോപി

തൃശൂർ: ജൂൺ നാലിന് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തൃശൂരിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും ഇത്തവണ താൻ തൃശൂർ എടുത്തിരിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കും എടുത്തിരിക്കും എന്ന് സുരേഷ് ഗോപി ആവർത്തിച്ചു പറഞ്ഞു.

തൃശൂർ ഉയിർത്തെഴുന്നേൽക്കുന്നതു വഴി കേരളത്തിന്റെ ഉയിർപ്പും സംജാതമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സഹകരണ മേഖലയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്നും സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റന്‍ ഇപ്പോള്‍ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പല്‍ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുരേഷ് ഗോപിയോട് വിശദീകരണം തേടി. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുള്ള എല്‍ ഡി എഫ് പരാതിയിലാണ് കമ്മിഷന്‍ വിശദീകരണം തേടിയത്. സി പി ഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ മൂന്ന് സ്ഥാനാർഥികൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ പരാതികൾ ലഭിക്കുന്നുണ്ട്. ആദ്യം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിനെതിരെ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്ന പരാതി ഉയർന്നിരുന്നു. കോൺഗ്രസ് സ്ഥാനാ‍ർഥി കെ മുരളീധരനെതിരെയും പരാതികളുയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide