
ഹേഗ്: ഹമാസ് നേതാവ് യഹ്യ സിൻവാർ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, മറ്റ് രണ്ട് ഉന്നത ഹമാസ് നേതാക്കളായ മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രി, ഇസ്മായിൽ ഹനിയേ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് തേടി അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണവും തുടർന്നുള്ള ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ടതാണ് കുറ്റങ്ങൾ. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് അറസ്റ്റ് വാറന്റ് തേടിയത്. സംഭവങ്ങളിൽ ഇരുകൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
നടപടി ചരിത്രപരമായ നാണക്കേടാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. “അറ്റോർണി ജനറൽ ഒരേ ശ്വാസത്തിൽ ഇസ്രായേൽ രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും ഹമാസിൻ്റെ മ്ലേച്ഛമായ നാസി രാക്ഷസന്മാർക്കൊപ്പം പരാമർശിക്കുന്നു. ഈ ചരിത്രപരമായ നാണക്കേട് എക്കാലവും ഓർമ്മിക്കപ്പെടും,” ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
അധിനിവേശ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് കഴിഞ്ഞ മൂന്ന് വർഷമായി ഐസിസി ചീഫ് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനും ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ നടപടി. ഇതാദ്യമായാണ് ഇസ്രായേലിനെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നത്.













