എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്, ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും ആവേശ പോരാട്ടം! ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ

ന്യൂയോർക്ക്: ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും അമേരിക്കൻ മണ്ണിലേക്ക്. കായിക ലോകത്തെ തന്നെ ഏറ്റവും ആവേശപ്പോരാട്ടമായ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് ഇന്ന് അമേരിക്കൻ മണ്ണിൽ അരങ്ങുണരും. ഇന്ത്യ ആദ്യ കളിയിൽ അയർലൻഡിനെ വീഴ്ത്തി നിൽക്കുമ്പോൾ പാകിസ്ഥാൻ ആതിഥേയരായ അമേരിക്കയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഞെട്ടി നിൽക്കുകയാണ്. അമേരിക്ക തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച് ​ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും.

യുഎസ്എയുടെ രണ്ട് വിജയങ്ങൾ ​ഗ്രൂപ്പിന്റെ സമവാക്യങ്ങളും മാറ്റിയിട്ടുണ്ട്. പാകിസ്ഥാനാണ് ഇക്കാര്യത്തിൽ പെട്ടിരിക്കുന്നത്. അവർക്ക് ഇനിയുള്ള മത്സരങ്ങൾ വിജയത്തിൽ കുറഞ്ഞതൊന്നും ആശ്വാസം നൽകില്ല. ഓരോ ​ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 8 ൽ എത്തുക. ഇന്ത്യയും പാകിസ്ഥാനും അനായാസം മുന്നേറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ യു എസ് എ ആ കണക്കുകൂട്ടൽ തെറ്റിച്ചു. ഇന്ത്യക്കെതിരായ പോരാട്ടം അതിനാൽ തന്നെ പാകിസ്ഥാന് ജീവൻമരണമാണ്. ഇന്ന് ജയിക്കാനായില്ലെങ്കിൽ പാകിസ്ഥാൻ പുറത്താകും.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല. ട്വന്റി 20 ലോകകപ്പില്‍ എഴുതവണ മത്സരിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ തോല്‍വി നേരിട്ടത്. ആദ്യ എഡിഷനിലെ ഫൈനലിലുള്‍പ്പടെ ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2021 ല്‍ മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ വീണിട്ടുള്ളത്. ദുബായ് ലോകകപ്പില്‍ പത്തുവിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് അന്ന് ഇന്ത്യ വഴങ്ങിയത്. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ദുബായിലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടി. കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്സും അശ്വിന്റെ ക്ലാസിക് ഒഴിഞ്ഞുമാറലും അവസാന പന്തിലെ ജയവും ഇന്നും ആരാധകര്‍ മറക്കില്ല. അതുപോലെ ഒരു തകര്‍പ്പന്‍ പോരാട്ടമാണ് ഇന്ന് അമേരിക്കൻ മണ്ണിലും പ്രതീക്ഷിക്കുന്നത്.

Also Read

More Stories from this section

family-dental
witywide