ഐസ്ലാന്‍ഡിലെ അഗ്‌നിപര്‍വ്വത സ്ഫോടനം: ലാവ നഗരത്തിലേക്ക് ഒഴുകി വീടുകള്‍ക്ക് തീപിടിച്ചു

റെയ്ക്ജാവിക് : ഐസ്ലാന്‍ഡിലെ മത്സ്യബന്ധന പട്ടണമായ ഗ്രിന്‍ഡാവിക്കില്‍ രണ്ട് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് വീടുകള്‍ക്ക് തീപിടിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ റെയ്ക്ജാന്‍സ് പെനിന്‍സുലയിലെ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുകയും ലാവ നഗരത്തിലേക്ക് ഒഴുകുകയും ചെയ്തു. തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചിരുന്നു.

ഡിസംബറിലെ ഒരു പൊട്ടിത്തെറിക്ക് ശേഷം ലാവ ഭാഗികമായി അടങ്ങിയിട്ടുണ്ട്, എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ലാവ ഒഴുകുന്നത് തുടരുന്നു. നഗരത്തിലേക്കുള്ള പ്രധാന റോഡ് ലാവ ഒഴുകി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത ഐസ്ലാന്‍ഡ് പ്രസിഡന്റ് ഗുഡ്നി ജോഹന്നാസ്സണ്‍, ‘ഒരുമിച്ചു നില്‍ക്കാനും അവരുടെ വീടുകളില്‍ കഴിയാന്‍ പറ്റാത്തവരോട് അനുകമ്പ കാണിക്കാനും’ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്വാര്‍ത്സെംഗി അഗ്‌നിപര്‍വ്വത മേഖലയില്‍ ഡിസംബറിലെ സ്‌ഫോടനത്തിന് മുമ്പ് ശക്തമായ ഭൂകമ്പം ഉണ്ടായി. അതിനുശേഷം ആഴ്ചകള്‍ക്കുള്ളില്‍, ഏകദേശം 4,000 ആളുകള്‍ വസിക്കുന്ന ഗ്രിന്‍ഡാവിക്കില്‍ നിന്ന് ഉരുകിയ പാറകള്‍ നേരെയാക്കാന്‍ അഗ്‌നിപര്‍വ്വതത്തിന് ചുറ്റും മതിലുകള്‍ നിര്‍മ്മിച്ചു.

ചില സ്ഥലങ്ങളില്‍ മതിലുകള്‍ തകര്‍ത്ത് ലാവ നഗരത്തിലേക്ക് എത്തുകയും ഇത് വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തതായി ഐസ്ലാന്‍ഡിക് മെറ്റീരിയോളജിക്കല്‍ ഓഫീസ് (ഐഎംഒ) പറഞ്ഞു.