
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മൂന്ന് ലക്ഷ ഭൂരിപക്ഷത്തിന് മോദിയെ തോൽപ്പിക്കുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ എത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയിൽ കോൺഗ്രസിന്‍റെ അജയ് റായിക്കെതിരെ ആദ്യം പിന്നിൽ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
റായ്ബറേലിയിലെ രാഹുലിന്‍റെ വിജയം കോണ്‍ഗ്രസ് പ്രവർത്തകരുടെ കഠിനാധ്വനത്തിന്‍റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യം ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയതിനാലാണ് രാജ്യത്ത് ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്.
മോദിയും അമിത് ഷായും ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഉത്തർ പ്രദേശിലെ ജനങ്ങള്‍ അഹങ്കാരത്തിന്‍റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തു. പ്രചാരണവേളയിൽ സഹകരിച്ചതിന് സമാജ്‌വാദി പാർട്ടിക്കും രാഹുല്‍ നന്ദി പറഞ്ഞു. ഇത്തവണ ഇന്ത്യ സഖ്യത്തിനായി രാജ്യത്തുടനീളമുള്ള എല്ലാ സഖ്യകക്ഷികളും സഹകരിച്ച്, ഒരുമിച്ച് പോരാടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
If priyanka gandhi contest in Varanasi, Modi lose, says Rahul gandhi