
ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വൈകിയെത്തിയതിനാൽ പരീക്ഷയെഴുതാൻ സാധിക്കാതിരുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും വിദ്യാർഥി പരീക്ഷക്ക് ഹാജരായിട്ടേയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാറിനെയാണ് സത്നാല അണക്കെട്ടില്‍ ചാടി മരിച്ചനിലയിൽ കണ്ടെത്തിയത്. അണക്കെട്ടിനടുത്തുനിന്ന് ആത്മഹത്യാകുറിപ്പും വാച്ചും പേഴ്‌സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിൽ തന്റെയും അച്ഛന്റെയും ഫോട്ടോയായിരുന്നു ടേക്കും ശിവകുമാർ സൂക്ഷിച്ചുവച്ചിരുന്നത്.
“എന്നോട് ക്ഷമിക്കൂ, അച്ഛാ, എന്നോട് ക്ഷമിക്കൂ, എനിക്ക് ഈ ആഘാതം നേരിടാൻ കഴിയുന്നില്ല, നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു, പക്ഷേ എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ല, എനിക്ക് ഒരിക്കലും ഇത്രയും വേദന അനുഭവപ്പെട്ടിട്ടില്ല. ആദ്യമായി എനിക്കൊരു പരീക്ഷ മിസ് ആയി. എനിക്ക് വല്ലാതെ തോന്നുന്നു,” എന്നാണ് തെലുങ്കിലെ കുറിപ്പ്.
ബുധനാഴ്ചയാണ് തെലങ്കാനയില്‍ പതിനൊന്നാംക്ലാസ് പരീക്ഷ തുടങ്ങിയത്. പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഒരു മിനിറ്റ് വൈകിയാല്‍പോലും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന തെലങ്കാന ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വൈകിയെത്തിയ ടേക്കും ശിവകുമാറിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്.