
പാരിസ്: 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ലിംഗസ്വത്വ വിവാദമുയർമുയർന്നതിനു പിന്നാലെ തനിക്കെതിരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ നിയമ നടപടിയുമായി ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ അൾജീരിയൻ ബോക്സിങ് താരം ഇമാൻ ഖലീഫ്. ഓഗസ്റ്റ് ഒന്നിന് നടന്ന മത്സരത്തിനു പിന്നാലെ തന്നെ അധിക്ഷേപിച്ചവരുടെ കൂട്ടത്തിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, പ്രശസ്ത സാഹിത്യകാരി ജെ.കെ. റൗളിങ് എന്നിവരുടെയടക്കം പേരുകൾ ഉൾപ്പെടുത്തിയാണ് ഇമാൻ പരാതി ഫയൽ ചെയ്തത്.
വെള്ളിയാഴ്ചയാണ് ഇമാൻ ലോ ഓൺലൈൻ അധിക്ഷേപം ചൂണ്ടിക്കാണിച്ച് പാരിസ് പ്രോസിക്യൂട്ടറുടെ ഓഫിസിൽ പരാതി ഫയൽ ചെയ്തത്. ഇമാനെതിരെ സ്ത്രീവിരുദ്ധവും വംശീയവും ലൈംഗിക വിവേചനപരവുമായ പ്രചാരണമാണ് നടത്തിയതെന്ന് അഭിഭാഷകൻ നബീൽ ബൗഡി എക്സിൽ കുറിച്ചു.
ഓഗസ്റ്റ് ഒന്നിന് നടന്ന മത്സരത്തിൽ 66 കിലോഗ്രാം ബോക്‌സിങ് വിഭാഗത്തിൽ 46 സെക്കൻഡിനുള്ളിൽ എതിരാളിയെ പുറത്തായതിന് പിന്നാലെയാണ് ഇമാൻ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടത്. ഇമാൻ ഒരു ട്രാൻസ് വ്യക്തിയാണെന്ന് മസ്‌കും റൗളിംഗും ഉൾപ്പെടെയുള്ളവർ എക്സിൽ കുറിച്ചു. ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാർ മത്സരിക്കുന്നത് തടയാൻ പോരാടുമെന്ന് പോസ്റ്റ് ചെയ്തു.














