
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത വേനലിനും വരൾച്ചയ്ക്കും സാധ്യതയുണ്ട്.
ഇനിയുള്ള നാളുകളിൽ കഠിനമായ ചൂടായിരിക്കും ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്നതെന്നും അത് മുൻകൂട്ടിക്കണ്ട് പൊതുതിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്തണമെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപാത്ര അറിയിച്ചു. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്തുന്നതിനായി സമയോചിതമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണതരംഗം രൂക്ഷമാകുക. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഏപ്രിൽ 7, 8 തീയതികളിൽ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഏപ്രിൽ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, മധ്യ, ദക്ഷിണ സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത രണ്ടുദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ടുദിവസത്തേക്കുകൂടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടും. ക്രമേണ അത് കുറഞ്ഞുവരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.