
പത്തനംതിട്ട: പത്തനംതിട്ട പൊലീസിൽ പുതിയ വിവാദം കനക്കുന്നു. ഭാരതീയ ന്യായസംഹിതയെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് വനിതാ എസ് ഐയെ കൊണ്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഇമ്പോസിഷന്‍ എഴുതിച്ചതാണ് പുതിയ വിവാദത്തിന് കാരണം. കൂടല്‍ സ്റ്റേഷനിലെ വനിതാ എസ് ഐക്കാണ് എസ് പിയുടെ വക ഇമ്പോസിഷന്‍ ശിക്ഷ കിട്ടിയത്.
എല്ലാ ദിവസവും ജില്ലാ പൊലീസ് മേധാവി, സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനില്‍ യോഗം ചേരാറുണ്ട്. ഓരോ സ്റ്റേഷനിലും 24 മണിക്കൂറിനിടെയുണ്ടായ സംഭവങ്ങളും കേസുകളുമാണ് ഈ യോഗത്തില്‍ സ്റ്റേഷന്‍ ചുമതലുള്ള ഉദ്യോഗസ്ഥര്‍ എസ് പിയോട് വിവരിക്കേണ്ടത്. ഇത്തരത്തില്‍ അഞ്ചുദിവസം മുന്‍പ് നടന്ന യോഗത്തിനിടെയാണ് വിവാദ സംഭവം ഉണ്ടായത്. സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു സംഭവം വിവരിച്ച വനിതാ എസ് ഐയോട് ഭാരതീയ ന്യായസംഹിത പ്രകാരം ഇതില്‍ ഏത് വകുപ്പാണ് ചുമത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എസ് പി ചോദിച്ചു. എസ് ഐക്ക് ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനായില്ല. തുടര്‍ന്ന് ചുമത്തേണ്ട വകുപ്പുകളുടെ വിശദാംശങ്ങള്‍ വിവരിച്ച ജില്ലാ പൊലിസ് മേധാവി, ഇക്കാര്യങ്ങള്‍ വെള്ളക്കടലാസില്‍ എഴുതി അയക്കണമെന്ന് നിർദ്ദേശിച്ചതാണ് വിവാദമായത്. വനിതാ എസ് ഐയെ കൊണ്ട് ഇരുപതുതവണ ഉത്തരം വെള്ളക്കടലാസില്‍ എഴുതി അയപ്പിച്ചെന്നാണ് പുറത്തു വരുന്ന വിവരം.
എസ് പിയുടെ നടപടി പൊലീസിന്റെ മനോവീര്യം ചോർത്തുന്നതാണെന്ന വിമർശനം സേനയിൽ ഉയർന്നിട്ടുണ്ട്. പൊലീസിൽ ആത്മഹത്യയും മാനസിക സമ്മർദ്ദവുമൊക്കെ വർധിക്കുന്നതായി സമീപകാലത്ത് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജോലിഭാരം കൂടുതലാണെന്നും ആരോപണം നിലനിൽക്കുന്നതിനിടയിലാണ് വിചിത്രമായ ശിക്ഷാ നടപടിയും വിവാദമാകുന്നത്.