
ഇസ്ലാമാബാദ്: ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്ത്. തന്റെ മുന്‍ ഭര്‍ത്താവിനെ ജയില്‍ അറയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജയിലറയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഇമ്രാന്‍ഖാന്‍ ഇരുട്ടിലാണ് കഴിയുന്നത്. മക്കളെ ആഴ്ചതോറും വിളിക്കാന്‍ അനുവദിക്കുന്നില്ലെന്നും ജെമീമ ഗോള്‍ഡ്‌സ്മിത്ത് ആരോപിച്ചു.
വിവാഹശേഷം 1995 മുതല്‍ 2004 വരെ ഇമ്രാന്‍ ഖാനൊപ്പമായിരുന്നു ജെമീമ ഗോള്‍ഡ്‌സ്മിത്ത്. പാകിസ്ഥാന്‍ അധികാരികള്‍ എല്ലാ കോടതി വിചാരണകളും മാറ്റിവച്ചതായും മുന്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയതായും അവര്‍ ആരോപിച്ചു. 2023 ഓഗസ്റ്റ് 5ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ റാവല്‍പിണ്ടിയിലെ ആദിലാല ജയിലിലാണ്.
‘കോടതി ഉത്തരവ് ലംഘിച്ച് വ്യക്തിഗത സന്ദര്‍ശനങ്ങള്‍ വെട്ടിക്കുറച്ചതിന് പുറമേ, ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷുകാരായ മക്കളായ സുലൈമാന്‍, കാസിം ഖാന്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ പ്രതിവാര കോളുകള്‍ സെപ്റ്റംബര്‍ 10 ന് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സെല്ലിലെ ലൈറ്റുകളും വൈദ്യുതിയും അധികൃതര്‍ ഓഫാക്കി. ഇനി ഒരു സമയത്തും സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളും ഞങ്ങള്‍ക്ക് ലഭിച്ചു. ജയില്‍ പാചകക്കാരനെ അവധിയില്‍ അയച്ചു. ഇപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകാന്തതയിലാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് കഴിയുന്നത്. അഭിഭാഷകര്‍ ഇമ്രാന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ആശങ്കാകുലരാണ്.’- ജെമീമ ഗോള്‍ഡ്‌സ്മിത്ത് ആരോപിച്ചു.