
ആലുവ: ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ട്രെയിനിന്റെ വീലില്‍ കാല്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകന്‍ റോജിയാണ് അപകടത്തില്‍പ്പെട്ടത് ഇന്നലെ രാത്രി 7.45 നായിരുന്നു സംഭവം.
ആലുവയില്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാല്‍ ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു. ഇതോടെ ട്രെയിന്‍ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്. കാല്‍ പൂര്‍ണമായി അറ്റ നിലയിലായിരുന്നു. രക്ഷപ്പെടുത്തുമ്പോഴേക്കും ചോര വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ജീവന്‍ രക്ഷിക്കാനുമായില്ല. ചെന്നൈയിലേക്കുള്ള യാത്രക്കാരനായിരുന്നു ഇയാള്‍.