ട്രംപ് പ്രസിഡന്റ് ആകുന്നത് യുഎസിന് അപകടമെന്ന് ബൈഡൻ; മത്സരത്തിൽ നിന്നു പിന്മാറിയതിന് ശേഷമുള്ള ആദ്യ അഭിമുഖം

വാഷിങ്ടൺ: അമേരിക്കയിൽ ജനാധിപത്യം നിലനിർത്താനാണ് താൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. സി.ബി.എസ് ന്യൂസ് ചീഫ് ഇലക്ഷൻ കാമ്പയിൻ കറസ്‌പോണ്ടന്റായ റോബർട്ട് കോസ്റ്റയുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോ ബൈഡൻ. മത്സരത്തിൽ നിന്നു പിന്മാറിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ അഭിമുഖമായിരുന്നു.

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തിന് അപകടമാണെന്നും അതിനാൽ ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. മത്സരത്തിൽ നിന്ന് പിന്മാറാൻ ഡെമോക്രാറ്റുകൾ തന്നെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. താൻ മത്സരത്തിൽ തുടർന്നാൽ പിന്നീട് ചർച്ചകൾ ആ ദിശയിലേക്ക് തിരിയുമെന്ന് തോന്നിയെന്നും അതുകൊണ്ട് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു എന്നും ബൈഡൻ പറഞ്ഞു.

ട്രംപിനെ പരാജയപ്പെടുത്തുക, ജനാധിപത്യം നിലനിർത്തുക എന്നീ രണ്ടുകാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് താൻ പിന്മാറിയതെന്നും ബൈഡൻ വ്യക്തമാക്കി.

ട്രംപിനെതിരായ സി.എൻ.എന്നിലെ സംവാദ പരാജയത്തെത്തുടർന്ന് ജോ ബൈഡന്റെ ​പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു നേരെ ഡെമോക്രാറ്റ് അംഗങ്ങളും അനുയായികളും എതിർപ്പ് ഉയർത്തുകയും തുടർന്ന് ബൈഡൻ പിന്മാറുകയുമായിരുന്നു. പിന്നീട് ഡെമോക്രാറ്റിക് പാർട്ടി നോമിനിയായി നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നാമനിർദേശം ചെയ്യുകയായിരുന്നു.

More Stories from this section

family-dental
witywide