
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങും. പാർട്ടി വിജയം കൈവരിച്ച ഹിമാചൽ ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വാഗ്ദാനമായിരുന്ന പഴയ പെൻഷൻ പദ്ധതിയെ കുറിച്ച് ഒന്നും തന്നെ പരാമർശിക്കാതെയാവും കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങുക എന്നും സൂചനയുണ്ട്. എന്നാൽ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുന്നതടക്കമുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഇടം പിടിക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നതിൽ നിന്ന് കോൺഗ്രസ് പ്രകടനപത്രികയും വിട്ടുനിൽക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2018ൽ പാർട്ടി എഐസിസി സെഷനിൽ പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
2002 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം കൊണ്ടുവന്നത്. പിന്നീട് ഭേദഗതികളിലൂടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമം ശക്തിപ്പെടുത്തുകയും ചെയ്തു. ഈ നിയമം റദ്ദാക്കുമെന്ന വാഗ്ദാനം കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ടാവും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നത് സമീപ കാലത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച്, 2022ലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് വാഗ്ദാനമായിരുന്നു. ഹിമാചൽ വിജയത്തിന് കാരണം ഈ വാഗ്ദാനമാണെന്ന് പാർട്ടിയിൽ തന്നെ പലരും പറഞ്ഞിരുന്നു. 2018-ൽ വിജയിച്ച ഛത്തീസ്ഗഡിലും രാജസ്ഥാനിലും പാർട്ടി പഴയ പെൻഷൻ പദ്ധതി വീണ്ടും അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ഹിമാചലിലും അതുണ്ടായി.












