
ഇംഫാൽ: അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് മണിപ്പൂരിന്റെ ചില ഭാഗങ്ങളിൽ വീണ്ടും സംഘർഷാവസ്ഥ. തിങ്കളാഴ്ച വൈകീട്ട് മണിപ്പൂർ തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോയിൽ വാഹനങ്ങളിലെത്തിയ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
മണിപ്പൂരിൽ വീണ്ടും അഫ്സ്പ(AFSPA) ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് മുന്നറിയിപ്പ് നൽകി.
ന്യൂനപക്ഷ വിഭാഗമായ കുക്കികൾക്ക് മേധാവിത്വമുള്ള പ്രദേശത്ത് നടന്ന വെടിവെപ്പിൽ ഗ്രാമവാസികളായ മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.
പ്രദേശങ്ങളിൽ, ട്രൈബൽ യൂണിറ്റി (CoTU), തദ്ദേശീയ ആദിവാസി നേതാക്കളുടെ ഫോറം (ITLF) എന്നിവ ബുധനാഴ്ച അർദ്ധരാത്രി വരെ 24 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
യു.എ.പി.എ പ്രകാരം നിരോധിച്ച സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)യുടെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷനറി പീപ്പിൾസ് ഫ്രന്റ് (ആർ.പി.എഫ്) പ്രവർത്തകരാണ് ലിലോങ് ചിങ്ജാവോ പ്രദേശത്ത് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് രംഗത്തെത്തിയിരുന്നു. മയക്കുമരുന്ന് വിൽപന കേന്ദ്രം ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും പ്രദേശവാസികൾ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനാണ് വെടിവെച്ചതെന്നും റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് വ്യക്തമാക്കി.










