
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് മേഖലയിൽ 15 ഓളം വീടുകളിലെ കിണറ്റിൽ ആസിഡും ഓയിലും ഒഴിച്ച പ്രതിയെ പൊലീസ് പിടികൂടി. വീട്ടിലെ കിണർ വെള്ളം കുടിച്ച് ഒരു പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കടുംകൈ വ്യക്തമായത്. റിതേഷ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
ഐക്കാട് മണക്കാല മേഖലയിലെ 15 വീടുകളിലെ കിണറുകളിലാണ് പ്രദേശവാസിയായ റിതേഷ് ആസിഡും ഓയിലും ഒഴിച്ചത്. പുലർച്ചെ ഇയാൾ വീടുകളിൽ അതിക്രമിച്ചു കയറി. റബ്ബർ പാൽ സംസ്കരിച്ച് ഷീറ്റാക്കാൻ വീടുകളിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൈക്കാലാക്കിയാണ് കിണറുകളിൽ ഒഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുറേകാലമായി റിതേഷ് പലവിധ ഉപദ്രവങ്ങൾ ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആസിഡ് കലക്കിയത് അറിയാതെ ചില വീട്ടുകാർ വെള്ളം ഉപയോഗിച്ചു. രുചി വ്യത്യാസവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോഴാണ് കിണറുവെള്ളം മലിനപ്പെട്ടെന്ന് മനസ്സിലായത്. കിണർ വൃത്തിയാക്കിയ ശേഷമെ ഇനി വെള്ളം ഉപയോഗിക്കാനാകൂ. ഈ വേനൽ കാലത്ത് ഇനി കിണർ വൃത്തിയാക്കിയാൽ പകരം വെള്ളം കിട്ടുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ റിതേഷിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.