
ന്യൂഡല്‍ഹി: നേതാക്കളുടെ സ്വീകാര്യത അളക്കാന്‍ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം മുഖ്യമന്ത്രിമാര്‍ക്കിടയിലുള്ള ജനപ്രീതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നേടി ഒഡീഷ മുഖ്യമന്ത്രി.
സര്‍വേ പ്രകാരം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് 52.7 ശതമാനം ജനപ്രീതിയോടെ പട്ടികയില്‍ ഒന്നാമതെത്തി. 2000 മാര്‍ച്ച് മുതല്‍ അധികാരത്തിലിരിക്കുന്ന 77 കാരനാണ് നവീന്‍ പട്‌നായിക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികളില്‍ ഒരാള്‍ക്കൂടിയാണ് ബിജു ജനതാദള്‍ നേതാവായ നവീന്‍ പട്‌നായിക്.
51.3 ശതമാനം ജനപ്രീതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2017 മാര്‍ച്ചിന് ശേഷം ഉത്തര്‍പ്രദേശിന്റെ 21-ാമത്തെ മുഖ്യമന്ത്രിയായ ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്.
48.6 ശതമാനം റേറ്റിംഗ് നേടിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മൂന്നാം സ്ഥാനത്തെത്തി. മുന്‍ കോണ്‍ഗ്രസ് അംഗമായ ശര്‍മ്മ 2015 ല്‍ ബിജെപിയില്‍ ചേര്‍ന്നു, 2021 മെയ് മാസത്തില്‍ അസമിന്റെ 15-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.
42.6 ശതമാനം റേറ്റിംഗുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാലാം സ്ഥാനത്തുമുണ്ട്. 2021 സെപ്റ്റംബര്‍ 17-ാം തീയതി ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.
41.4 ശതമാനം ജനപ്രീതിയുള്ള ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയാണ് അഞ്ചാം സ്ഥാനത്ത്. 2016ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവായ സാഹ 2022 മെയ് മാസത്തില്‍ ത്രിപുര മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റു.