
തിരുവനന്തപുരം∙ ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റിൽ ചാടി. ചെങ്കോട്ടുകോണം സ്വദേശിനി ജി.സരിതയെ (46) ആണ് പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എത്തിയത്. വാക്കുതർക്കത്തിനിടെ ബിനു കൈയിലെ കന്നാസിൽ കരുതിയിരുന്ന 5 ലിറ്റർ പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചശേഷം കത്തിക്കുകയായിരുന്നു. സരിതയുടെ ദേഹത്തെ തീ ഇയാളുടെ ദേഹത്തും പടർന്നു. തുടർന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. സരിതയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഗുരുതരാവസ്ഥയിലാണ്.
കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്കൂട്ടറിൽനിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.










